അഹമ്മദാബാദിൽ ജുവലറിയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച സെയിൽസ് വുമൺനെതിരെ കേസെടുത്ത് പൊലീസ്. 1. 66 കോടി വിലവരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത് കഴിഞ്ഞ 11 മാസമായി ജുവലറിയിൽ സെയിൽസ് വുമണായി ജോലി ചെയ്തിരുന്ന ഹർഷിത ഷെട്ടിയാണ് മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്.
ജുവലറിയിലെ ഡിസ്പ്ലേ ട്രേയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. യൂണിഫോമിനുള്ളിൽ ആഭരണങ്ങൾ ഒളിപ്പിച്ചാണ് പുറത്തുകടത്തിയത്. പിന്നീട് കടയിലേക്കെത്തിയ കസ്റ്റമറിന് ആഭരണങ്ങൾ പരിചയപ്പെടുത്തുന്നതിനിടെ ഡിസ്പ്ലേ ട്രേയിൽ സൂക്ഷിച്ചിരുന്ന സ്വർണ ബ്രേസ്ലെറ്റ് കാണാതായതോടെ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ ആഭരണങ്ങൾ നഷ്ടമായതായി കണ്ടെത്തിയത്.
മോഷ്ടിച്ച ആഭരണങ്ങളുമായി തിങ്കളാഴ്ച വൈകുന്നേരമാണ് യുവതി പുറത്തേക്ക് പോയത്. ഷോറൂം ഉടമ അടിയന്തര അവധി അനുവദിച്ചതായി സഹപ്രവർത്തകരെ ധരിപ്പിച്ച ശേഷമാണ് യുവതി പുറത്തു കടന്നത്. എന്നാൽ തൻ്റെ അനുമതിയില്ലാതെയാണ് ഹർഷിത പുറത്തു കടന്നതെന്ന് മനസിലാക്കിയ ഉടമ ദർശൻഭായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവം പുറത്തു വന്നത്.
കൗണ്ടറിന് പിന്നിലെ ഷെൽഫുകളിൽ നിന്ന് ആഭരണങ്ങളെടുത്ത് വസ്ത്രത്തിനുളിൽ ഒളിപ്പിക്കുന്നതും പിന്നീട് സ്റ്റോറൂമിൽ നിന്ന് ബാഗെടുത്ത് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽവ്യക്തമാണെന്ന് പൊലീസ് പറയുന്നു. യുവതിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കി.