സർക്കാർ ജീവനക്കാരുടെ പുതിയ ശമ്പളകമ്മീഷൻ പ്രഖ്യാപനം വൈകുമെന്ന് സൂചന. ശമ്പളപരിഷ്ക്കരണം 2021ലാണ് നടത്തിയതെങ്കിലും 2019 മുതൽ മുൻകാല പ്രാബല്യമുണ്ടായിരുന്നു. സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും അതു പ്രകാരം 2024 ജൂലായ് ഒന്നു മുതൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പാക്കേണ്ടതാണ്. എന്നാൽ 10 മാസം കഴിഞ്ഞിട്ടും കമ്മീഷനെ നിയമിച്ചിട്ടില്ല. 5 വർഷം കൂടുമ്പോൾ നടപ്പാക്കുന്ന ശമ്പളപരിഷ്ക്കരണം കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നുവെന്നാണ് സർക്കാർ കരുതുന്നത്. കഴിഞ്ഞ ശമ്പളപരിഷ്ക്കരണം നടപ്പാക്കിയപ്പോൾ 25000 കോടിയുടെ വൻബാദ്ധ്യതയാണുണ്ടായത്. മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയപ്പോൾ 4000 കോടിയോളം രൂപ കുടിശിക നൽകേണ്ട ബാദ്ധ്യതയുമുണ്ടായി. അതിൽ 2000കോടി ഇനിയും കൊടുക്കാനുണ്ട്.
ജീവനക്കാർക്ക് ശമ്പളപരിഷ്ക്കരണമുണ്ടാക്കിയ ബാദ്ധ്യത മൂലം ഡി.എ.യും അതത് സമയങ്ങളിൽ കൊടുക്കാനായില്ല. നിലവിൽ ആറുഗഡുക്കളായി മൊത്തം 18% ഡി.എയും കുടിശികയാണ്. ഇതിനകം മൂന്ന് ഗഡു ഡി.എ.കൊടുത്തെങ്കിലും അതിന് മുൻകാല പ്രാബല്യവും നൽകാനായില്ല. അടുത്ത ശമ്പളപരിഷ്ക്കരണവും നടപ്പാക്കിയാൽ കൂടുതൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തുമെന്നാണ് സർക്കാരിൻ്റെ ആശങ്ക. കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക വിവേചനം മൂലം പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളും ശമ്പളവിതരണം പോലും കൃത്യമായി നടത്താനാകാത്ത സ്ഥിതിയിലെത്തിയിട്ടുണ്ട്. അടുത്ത ശമ്പളപരിഷ്ക്കരണം ആലോചിച്ച് മതിയെന്നാണ് സർക്കാർ നിലപാടെന്നാണ് അറിയുന്നത്. 10 വർഷത്തിലൊരിക്കലാണ് കേന്ദ്രസർക്കാർ ശമ്പളപരിഷ്ക്കരണം നടപ്പാക്കുന്നത്.