ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എസ്ഐടി വ്യക്തമാക്കി.
തന്ത്രിക്ക് സ്വർണപ്പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആചാര ലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ എസ്ഐടി വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന് സ്വർണപ്പാളിക്കേസിൽ പങ്കില്ലെന്നും കേസിൽ തന്ത്രിയെ കുടുക്കിയതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.