ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ജസ്റ്റിസുമാരായ അഗസ്റ്റിന് ജോര്‍ജ് മസീഹ്, ദിപാങ്കര്‍ ദത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞത്.
ജനുവരി എട്ട്, ഒൻപത് തീയതികളില്‍ സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) മുന്നില്‍ ഹാജരാകാന്‍ സുപ്രീംകോടതി ജയശ്രീയോട് നിര്‍ദേശിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്. 2013 മുതല്‍ വൃക്ക സംബന്ധമായ അസുഖത്തിന് ചികത്സയിലാണെന്നും, അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. എസ്. ജയശ്രീക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് പി.ബി സുരേഷ് കുമാര്‍, അഭിഭാഷകന് എ. കാര്‍ത്തിക് എന്നിവരാണ് ഹാജരായത്.