രാജ്യതലസ്ഥാനത്തെ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പുതിയ നടപടികൾ സ്വീകരിച്ച് ഡൽഹി സർക്കാർ. ബിഎസ്- 4 എൻജിനുകൾ ഇല്ലാത്ത വാഹനങ്ങൾ ഇന്ന് മുതൽ ഡൽഹിയിൽ പ്രവേശനമില്ല. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് പാമ്പുകളിൽ നിന്ന് ഇന്ധനം നൽകില്ലെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ അറിയിച്ചു.
മലിനീകരണ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനായി ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളെ ഈ ക്യാമറകൾ വഴി തിരിച്ചറിയും. കൂടാതെ, നഗര അതിർത്തികളിൽ പരിശോധനയ്ക്കായി 580 പോലീസുകാരെയും 126 ചെക്ക്പോസ്റ്റുകളിലായി എൻഫോഴ്സ്മെന്റ് വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.
നവംബർ മുതലാണ് ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം കുറഞ്ഞ് തുടങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വായു മലിനീകരണംമൂലം പല നടപടികളും ഡൽഹിയിൽ സ്വീകരിച്ചിട്ടുണ്ട്. ഓഫീസിൽ 50 ശതമാനം മാത്രമാണ് ജീവനക്കാർ എത്തുന്നത്. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം നൽകി. ക്ലാസുകൾ ഓൺലൈൻ ആക്കിയിട്ടുണ്ട്.