ലോകകപ്പ് പ്രീക്വാർട്ടറിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നിൽ പോർച്ചുഗലും സ്പെയിനും നേർക്കുനേർ. ഡാലസിൽ നടക്കുന്ന ഇബീരിയൻ ഡെർബിയിൽ വിജയിക്കുന്ന ടീം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും.

സ്പെയിൻ ഇതുവരെ ടൂർണമെന്റിൽ ഒരു ഗോളുപോലും വഴങ്ങാതെ മികച്ച ഫോമിലാണ്. ഓസ്ട്രിയക്കെതിരായ 3-0 ജയത്തിൻ്റെ ആത്മവിശ്വാസവുമായാണ് അവർ ഇറങ്ങുന്നത്. മറുവശത്ത്, ക്രൊയേഷ്യയെ 2-1ന് തോൽപ്പിച്ചാണ് പോർച്ചുഗൽ പ്രീക്വാർട്ടറിലെത്തിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ടീമിൻ്റെ പ്രതീക്ഷ. റൊണാൾഡോയുടെ അനുഭവസമ്പത്തും ലമിൻ യമാലിൻ്റെ യുവത്വവും തമ്മിലുള്ള പോരാട്ടമാകും മത്സരത്തിലെ പ്രധാന ആകർഷണം. സ്പെയിൻ ചെറിയ മുൻതൂക്കം നേടുമെന്നാണ് വിവിധ ഫുട്ബോൾ വിശകലനങ്ങൾ വിലയിരുത്തുന്നതെങ്കിലും, നോക്കൗട്ട് പോരാട്ടമായതിനാൽ പോർച്ചുഗലിനെ തള്ളിക്കളയാനാകില്ല.

നാളെ പുലർച്ചെ 12.30നാണ് പോർച്ചുഗൽ – സ്പെയിൻ പോരാട്ടം.

പ്രീക്വാർട്ടറിലെ മറ്റൊരു ശ്രദ്ധേയ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഈജിപ്തിനെ നേരിടും. കേപ് വെർദെയെ 3-2ന് തോൽപ്പിച്ചാണ് അർജന്റീന അവസാന 16-ൽ എത്തിയത്. അതേസമയം, ഓസ്ട്രേലിയക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ചാണ് ഈജിപ്ത് ക്വാർട്ടർ സ്വപ്നം നിലനിർത്തിയത്.

ലോകകപ്പ് കിരീട പ്രതീക്ഷകൾ നിലനിർത്താൻ അർജന്റീനക്ക് ജയം അനിവാര്യമാണ്. മറുവശത്ത്, ടൂർണമെന്റിലെ അട്ടിമറികൾ തുടരാൻ ഈജിപ്തും ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്. ക്വാർട്ടർ ഫൈനലിലേക്കുള്ള ടിക്കറ്റിനായി ഇരുടീമുകളും മികച്ച പോരാട്ടം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ.

നാളെ രാവിലെ 9.30നാണ് അർജന്റീന – ഈജിപ്‌ത് പോരാട്ടം.

Related Posts