ബെംഗളൂരുവിലെ ഡയറി സർക്കിൾ പ്രദേശത്ത് മലയാളി നഴ്‌സിങ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നതായി പരാതി. കണ്ണൂർ ചമതച്ചാൽ സ്വദേശി സ്റ്റീവോ സ്റ്റീഫൻ, കരുവഞ്ചാൽ സ്വദേശി ജിബിൻ തോമസ് എന്നിവരുടെ ഫോണുകളാണ് അജ്ഞാതൻ കവർന്നത്.

ഇന്നലെ പുലർച്ചെ നാട്ടിൽ നിന്ന് ബസിറങ്ങി സുഹൃത്തിൻ്റെ വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് സംഭവം. സ്കൂട്ടറിലെത്തിയ ഒരാൾ ആദ്യം സമയം ചോദിക്കുകയും തുടർന്ന് ജിബിൻ തോമസിൻ്റെ കഴുത്തിൽ കത്തി ചൂണ്ടി പണം ആവശ്യപ്പെടുകയുമായിരുന്നു. പണമില്ലെന്ന് അറിയിച്ചതോടെ ഇരുവരുടെയും മൊബൈൽ ഫോണുകൾ തട്ടിയെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തെ തുടർന്ന് വിദ്യാർഥികൾ എസ്‌.ജി.പാളയ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. നെലമംഗലയിലെ നഴ്‌സിങ് കോളജിൽ പഠനം പൂർത്തിയാക്കിയ ഇരുവരും സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായാണ് ബെംഗളൂരുവിലെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

Related Posts