റാന്നിയിൽ അൽഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഉപഭോക്താവിന് 96,500 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു. ചേത്തോങ്കരയിലെ ‘കിങ്സ് ബിരിയാണി കഫേ’ ഉടമ ആശിഷ് ജോൺ മാത്യുവിനും മാനേജർക്കുമെതിരെയാണ് നടപടി.
2025 ഒക്ടോബർ 21ന് റീന തോമസും സഹോദരിയും ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. പരിശോധനയിൽ പഴകിയ ഭക്ഷണത്തിൽ നിന്നുള്ള സാൽമൊണെല്ല അണുബാധയാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചു.
ഭക്ഷണം മോശമാണെന്ന പരാതി ഹോട്ടൽ അധികൃതർ അവഗണിച്ചതായും, 740 രൂപയുടെ ബിൽ ഈടാക്കിയതായും പരാതിയിൽ പറയുന്നു. ആശുപത്രി ചെലവ് വഹിക്കാൻ ഹോട്ടൽ ഉടമ തയ്യാറാകാതിരുന്നതോടെയാണ് റീന ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. നഷ്ടപരിഹാര തുക 30 ദിവസത്തിനകം നൽകണമെന്നാണ് കമ്മിഷൻ്റെ ഉത്തരവ്.