മലയാളം മിഷൻ കർണാടക ചാപ്റ്റർ സെൻട്രൽ മേഖലയിലെ ഡി ആർ ഡി ഒ പഠനകേന്ദ്രത്തിൻ്റെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക ‘അപ്പൂപ്പൻ താടി’യുടെ പ്രകാശനവും പ്രശസ്ത ചലച്ചിത്രകാരനും മോസ്കോ ഫിലിം ഫെസ്റ്റിവൽ അവാർഡുകളുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ റസാഖ് അഹമ്മദിനുള്ള അനുമോദനവും ഡി ആർ ഡി ഒ പഠന കേന്ദ്രത്തിൽ വച്ച് നടന്നു.

സെൻട്രൽ മേഖല കോഡിനേറ്ററും, സയന്റിസ്റ്റുമായ നൂർ മുഹമ്മദിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ ഫിനാൻസ് സെക്രട്ടറിയും, ഇൻഡിക്ക്‌ ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ (ഗ്രന്ഥപ്പുര) ഡയറക്ടറുമായ ജിസ്സോ ജോസ് ഡി ആർ ഡി ഒ കുടുംബാംഗം കൂടിയായ റസാക്ക് അഹമ്മദിനെ നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി ആദരിച്ചു. കഴിഞ്ഞ ദിവസം നടന്ന മോസ്ക്കോ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫിലിം, മികച്ച നടി വിഭാഗങ്ങളിൽ പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ ‘മോഹം’ എന്ന സിനിമയുടെ ചിത്രീകരണ അനുഭവങ്ങളും, തികച്ചും സാധാരണക്കാരനായ തൻ്റെ ചലച്ചിത്ര രംഗപ്രവേശനത്തെ കുറിച്ചും ഹൃദ്യമായ രീതിയിൽ സംസാരിച്ചു.

മോസ്കോ അവാർഡ് ലഭിച്ചതിനുശേഷമുള്ള ആദ്യ അനുമോദനം സ്വന്തം കുടുംബമായ ഡിആർടിഒയിൽ നിന്ന് ലഭിച്ചത് ഇരട്ടിമധുരമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാലഹരണപ്പെട്ടു പോയേക്കാവുന്ന മലയാളത്തിൻ്റെ രചനകളും, ചരിത്രരേഖകളും, മറ്റു വ്യവഹാര രൂപങ്ങളും ഡിജിറ്റലൈസ് ചെയ്തു സംരക്ഷിക്കുക വഴി നമ്മുടെ സംസ്കാരത്തിൻ്റെ ആധികാരികത ഉറപ്പുവരുത്താനും, വരും തലമുറയ്ക്ക് മുതൽക്കൂട്ടാവാനും ഗ്രന്ഥപ്പുരയുടെ പ്രവർത്തനങ്ങൾക്ക് സാധിക്കുന്നുവെന്ന് ജിസ്സോ ജോസ് പ്രസ്താവിച്ചു.

ചടങ്ങിൽ സന്നിഹിതയായിരുന്ന മലയാളം മിഷൻ കർണാടക ചാപ്റ്റർ ജോയിന്റ് സെക്രട്ടറിയും, ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(R) സെക്രട്ടറിയുമായ അഡ്വ.ബുഷ്‌റ വളപ്പിൽ മലയാളം മിഷൻ പഠനാന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾ ലഹരി പോലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് വഴുതി പോവാനുള്ള സാധ്യത കുറവാണെന്ന് ചൂണ്ടിക്കാണിച്ചു. തുടർന്ന് പത്താം വാർഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ കുട്ടികളുടെ സ്മരണിക ‘അപ്പൂപ്പൻതാടി’ റസാഖ് അഹമ്മദ്, മാഗസിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സൂര്യയ്ക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറിയ ചടങ്ങിൽ മാഗസിൻ എഡിറ്റർ നിമേഷ്.ജി, കവർചിത്രം വരച്ച നീലക്കുറിഞ്ഞി വിജയി ആരിഫ ഫിറോസ്, പേര് നിർദ്ദേശിച്ച ആമ്പൽ വിദ്യാർത്ഥി കാർത്തിക് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
വിദ്യാർത്ഥികളായ അഭിനവ്, നന്ദിത കോർഡിനേറ്റർമാരായ രാഹുൽ, ഷിബു, ശ്രീനിധി, സുമേഷ്, രജിത, രഞ്ജിത്, രാജേഷ്, ഫിറോസ് അധ്യാപകരായ ജെസ്‌ന, രമ്യ, ഗ്രീഷ്മ, താഹിറ എന്നിവർ നേതൃത്വം നൽകിയ പരിപാടി സഹ കോർഡിനേറ്ററായ ഉണ്ണികൃഷ്ണൻ്റെ നന്ദിപ്രസംഗത്തോടെ അവസാനിച്ചു.

Related Posts