കർണാടകയിൽ റാപ്പിഡോ ടാക്‌സി ഡ്രൈവർ യാത്രക്കാരിയെ മർദ്ദിച്ചതായി പരാതി. ഇരുവരും തമ്മിൽ അമിതവേഗത്തിൽ വാഹനമോടിച്ചതിനെച്ചൊല്ലി തർക്കമുണ്ടായി. തുടർന്ന് ബൈക്ക് ടാക്‌സി ഡ്രൈവർ യാത്രക്കാരിയെ മർദ്ദിച്ചത്. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. പരാതിക്കാരി ജയനഗറിലെ ഒരു ജ്വല്ലറിയിൽ ജോലി ചെയ്യുന്ന സ്ത്രീയാണ്. ശനിയാഴ്‌ച ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം നടന്നതെന്ന് അവർ പറഞ്ഞു.
അശ്രദ്ധമായി റാപ്പിഡോ ഡ്രൈവർ വാഹനമോടിച്ചപ്പോൾ യാത്രാമധ്യേ വാഹനം നിർത്താൻ യുവതി ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. പിന്നാലെയാണ് ഡ്രൈവർ യുവതിയെ മർദ്ദിച്ചത്. യുവതി ആക്രമണത്തിന്‍റെ ആഘാതത്തിൽ നിലത്ത് വീണു. യാത്രാക്കൂലി നൽകാനും ഹെൽമെറ്റ് തിരികെ നൽകാനും സ്ത്രീ വിസമ്മതിച്ചതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ പരാതി നൽകാൻ സ്ത്രീ വിസമ്മതിച്ചു. നോൺ-കോഗ്നിസബിൾ റിപ്പോർട്ട് (എൻസിആർ) പ്രകാരം പൊലീസ് റിപ്പോർട്ട് ഫയൽ ചെയ്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തുന്നതിന് വേണ്ടി പരാതി നൽകാൻ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ജയനഗർ പൊലീസ് പറഞ്ഞു. റാപ്പിഡോ ഡ്രൈവറെ ചോദ്യം ചെയ്തതായും നിയമനടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ലോകേഷ് ബി ജഗലാസർ പറഞ്ഞു.