പ്രസിഡണ്ട് ശ്വേതാ മേനോൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതി കൂട്ടരാജി പ്രഖ്യാപിച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യെ നയിക്കാൻ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. നടനും എംഎൽഎയുമായ രമേഷ് പിഷാരടിയാണ് കമ്മിറ്റിയുടെ കൺവീനർ. മുൻ മന്ത്രി ഗണേഷ് കുമാറടക്കം അഡ്ഹോക്ക് കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. നടൻ ജഗദീഷിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം.
നാല് മാസത്തേക്കാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ സംഘടനയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കും.
സംഘടനയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയോടെയായിരുന്നു വനിതാ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലെത്തിയത്. എന്നാൽ ആഭ്യന്തര തർക്കങ്ങളും വിവാദങ്ങളും ശക്തമായതോടെ ഭരണസമിതി പടിയിറങ്ങേണ്ട സാഹചര്യം ഉണ്ടായി.
‘പാവയായി തുടരാൻ തനിക്ക് കഴിയില്ലയെന്നും ചില കുറ്റാരോപിതർ സംഘടനയെ നിയന്ത്രിക്കുന്നുവെന്നുമുള്ള വിമർശനത്തോടെയാണ് ശ്വേതാ മേനോൻ പ്രസിഡണ്ട് സ്ഥാനവും സംഘടനയിലെ പ്രാഥമിക അംഗത്വവും രാജിവെച്ചത്. കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അവർ അറിയിച്ചു.