ഇന്ത്യയുടെ യശസുയർത്തി ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഓപ്പറേഷൻ അവസാനിച്ചിട്ടില്ലെന്നും പാക്കിസ്ഥാൻ കണ്ടത് വെറും ട്രെയിലർ മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഭുജ് വ്യോമതാവളത്തിൽ വ്യോമസേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാക്കിസ്ഥാന് ലഭിക്കുന്ന പണം മുഴുവനും ഭീകരപ്രവർത്തനങ്ങളുടെ പ്രോത്സാഹനത്തിനായി വിനിയോഗിക്കുമെന്നതിനാൽ അവർക്ക് അനുവദിച്ച ധനസഹായം കൈമാറുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നാണയനിധിയോട് മന്ത്രി ആവശ്യപ്പെട്ടു.
ഭവൽപുരിലേയും മുരിദ്കെയിലേയും ലഷ്കർ-ഇ-തൊയ്ബയുടെയും ജെയ്ഷെ മുഹമ്മദിൻ്റെയും താവളങ്ങൾ പുനർനിർമ്മിക്കാനുള്ള ധനസഹായം പാക് സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര നാണയനിധിയിൽ നിന്ന് ലഭിക്കുന്ന പണം ഇതിനായി വിനിയോഗിക്കും. പാക്കിസ്ഥാന് നൽകുന്ന എല്ലാ ധനസഹായവും ഭീകരപ്രവർത്തനങ്ങൾക്കു വേണ്ടി നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ പാക്കിസ്ഥാന് പ്രൊബേഷൻ അനുവദിച്ചിരിക്കുകയാണ്. നല്ല നടപ്പിലേക്ക് നീങ്ങുകയാണെങ്കിൽ പാക്കിസ്ഥാന് തന്നെയാണ് നല്ലത്. അല്ലാത്തപക്ഷം ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള കടുത്ത ശിക്ഷാനടപടി നേരിടേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം പാക്കിസ്ഥാന് നേരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ പ്രയോഗിച്ചെന്നും മന്ത്രി സ്ഥിരീകരിച്ചു.