കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപനം പിൻവലിച്ചതിന് പിന്നാലെ ആർ.ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാജി പ്രഖ്യാപിച്ചതെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ വിശദീകരണം. അതേസമയം, രാജി സംബന്ധിച്ച് ശ്രീലേഖ തന്നെ വിശദീകരണം നൽകുമെന്ന സൂചനയുണ്ട്. ഫേസ്ബുക്ക് പേജിലൂടെയോ ശാസ്തമംഗലം വാർഡിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയോ വിശദീകരണം നൽകാനാണ് നീക്കമെന്നാണ് വിവരം.

കൗൺസിലർ സ്ഥാനം രാജിവയ്ക്കുകയാണെന്ന് അറിയിച്ച് വാർഡിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ശ്രീലേഖ പങ്കുവച്ച സന്ദേശം കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. രാജിവയ്ക്കില്ലെന്ന് ബിജെപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ശ്രീലേഖ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. പാർട്ടിയോടുള്ള അതൃപ്തിയല്ല, ആരോഗ്യപ്രശ്നങ്ങളാണ് രാജി പ്രഖ്യാപനത്തിന് കാരണമെന്നാണ് ബിജെപി നേതാക്കൾ ആവർത്തിക്കുന്നത്. അതേസമയം, രാജി പ്രഖ്യാപനം പിൻവലിച്ചതിൽ നേതൃത്വം ആശ്വാസത്തിലാണെങ്കിലും സമാന സാഹചര്യം വീണ്ടും ഉണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ശ്രീലേഖ ആശുപത്രിയിൽ ചികിത്സയിലാണെന്നും ബിജെപി നേതാക്കൾ അറിയിച്ചിരുന്നു. ബിജെപി ജനറൽ സെക്രട്ടറി എസ്. സുരേഷ് ആശുപത്രിയിലെത്തി ശ്രീലേഖയെ സന്ദർശിക്കുകയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Related Posts