തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ആരോപണങ്ങളിൽ പൊതുമധ്യത്തിൽ രാഹുൽ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്.
നിയമസഭാ സമ്മേളനത്തിൽ രാഹുലിനെ മാങ്കുട്ടത്തിലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്. ഘടകകക്ഷി നേതാക്കളും സമാനമായ അഭിപ്രായം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലവിൽ പാർട്ടി അന്വേഷണം ഇല്ലെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ നിലപാട് നിരപരാധിത്വം തെളിയിച്ചാൽ രാഹുലിന് തിരിച്ചുവരാമെന്നാണ്.
കോൺഗ്രസിലെ ഒട്ടുമിക്ക മുതിർന്ന നേതാക്കളും രാഹുൽ രാജിവച്ചൊഴിയണമെന്ന പക്ഷക്കാരായിരുന്നു. മിക്കവരും പരസ്യമായിത്തന്നെ നിലപാടു വ്യക്തമാക്കി. പാർട്ടിയിലെ വനിതാ നേതാക്കളും രാഹുലിന്‍റെ എംഎൽഎ സ്ഥാനം തെറിപ്പിക്കണമെന്ന കടുത്ത നിലപാടിലായിരുന്നു. എന്നിട്ടും രാഹുലിനെ സസ്പെൻഡ് ചെയ്യുന്നതിലൊതുക്കി നടപടി.