ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജിക്കത്ത് നൽകിയിട്ടില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. കോർപ്പറേഷൻ്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ കത്താണ് ശ്രീലേഖ നൽകിയതെന്നും മേയർ വ്യക്തമാക്കി. ഇതോടെ ശ്രീലേഖ കൗൺസിലറായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ കൗൺസിലർമാരും മേയർക്ക് കത്തുകൾ നൽകാറുണ്ടെന്നും കൗൺസിലർ എന്ന നിലയിൽ ശ്രീലേഖയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും രാജേഷ് പറഞ്ഞു. കോർപ്പറേഷൻ്റെ ഭരണം സുഗമമായി മുന്നോട്ടുപോകണമെന്നതാണ് ശ്രീലേഖയുടെ ആവശ്യമെന്നും നിലവിൽ ഭരണപരമായ പ്രതിസന്ധികളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ശ്രീലേഖ മുന്നോട്ടുവച്ച ചില നിർദേശങ്ങളിൽ പാർട്ടിയും താനും ഇടപെടേണ്ടതുണ്ടെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു സ്വതന്ത്ര കൗൺസിലറുടെ പിന്തുണയോടെ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിക്ക് ശ്രീലേഖയുടെ രാജി സംബന്ധിച്ച വാർത്ത വലിയ രാഷ്ട്രീയ വെല്ലുവിളിയായിരുന്നു. ഇതിനിടെയാണ് രാജിക്കത്ത് നൽകിയിട്ടില്ലെന്ന മേയറുടെ വിശദീകരണം പുറത്തുവന്നത്.