തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ രാജ്യവ്യാപക പൊതുപണിമുടക്ക് ആരംഭിച്ചു. പണിമുടക്കിന് ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്. പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇന്നത്തെ ശമ്പളം നൽകില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. സിഐടിയു, ഐഎൻടിയുസി അടക്കം 10 സംഘടനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.
ഇന്ന് രാവിലെ ഡൽഹി രാജ്ഘട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് തൊഴിലാളി സംഘടനകൾ മാർച്ച് നടത്തും. ഉച്ചയ്ക്ക് ജന്തർ മന്തറിലും പ്രതിഷേധിക്കും.
ഇന്ത്യ – യുഎസ് വ്യാപാര കരാർ, പുതിയ ലേബർ കോഡുകൾ, കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്താനുള്ള കേന്ദ്ര നിർദേശം എന്നീ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക. ബസ്, ലോറി, ഓട്ടോ, ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. വിമാനത്താവളങ്ങളിലെയും റെയിൽവേയിലെയും തൊഴിലാളികൾ പങ്കെടുക്കുമെന്ന് സംഘടനകൾ അറിയിച്ചു.