തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നാണ് നിർദ്ദേശം. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസറഗോഡ് ജില്ലകളിലുമാണ് അവധി. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും കേന്ദ്ര സർക്കാർ വകുപ്പുകളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പ്ലാന്റേഷൻ, ഫാക്ടറി മറ്റ് ഇതര വിഭാഗം ജീവനക്കാർക്കുകൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കിൽ അവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നൽകുന്നതിന് തൊഴിൽ ഉടമകൾക്ക് നിർദ്ദേശം നൽകുന്നതിനോ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.