പാകിസ്‌താൻ സൂപ്പർ ലീഗിലെ (പിഎസ്എൽ) ശേഷിക്കുന്ന മത്സരങ്ങൾ ഇന്ത്യ-പാകിസ്‌താൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റി. വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായുള്ള വിദേശ താരങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് തീരുമാനമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ റാവൽപിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം തകർന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിഎസ്എലിലെ പെഷവാർ സൽമി കറാച്ചി കിങ്സ് മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പായിരുന്നു സംഭവം. ആക്രമണത്തിൽ സ്റ്റേഡിയം തകർന്നതായി പിസിബി ചെയർമാൻ മുഹ്സിൻ നഖ്‌വി പറഞ്ഞിരുന്നു. ഇതും മത്സരങ്ങൾ മാറ്റുന്നതിന് കാരണമായി. യുഎഇയിലെ മത്സരങ്ങളുടെ സമയക്രമവും മറ്റ് വിവരങ്ങളും വൈകാതെ അറിയിക്കുമെന്നും പിസിബി വ്യക്തമാക്കി.

ടൂർണമെൻ്റിൽ പങ്കെടുക്കുന്ന വിദേശ താരങ്ങൾ ഇന്ത്യയുടെ ആക്രമണം ശക്തമായ സാഹചര്യത്തിൽ അസ്വസ്ഥരാകുകയും നാട്ടിലേക്ക് മടങ്ങണമെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു. വിദേശ താരങ്ങൾ രാജ്യം വിടണമെന്ന ആവശ്യവുമായി രംഗത്തെത്തിയതോടെ പിസിബി സമ്മർദത്തിലായിരുന്നു. സാം ബില്ലിങ്സ്, ക്രിസ് ജോർദാൻ, ടോം കറൻ, ഡേവിഡ് വില്ലി, ലൂക്ക് വുഡ്, ജെയിംസ് വിൻസ്, ടോം കോഹ്ലർ-കാഡ്‌മോർ എന്നീ ഇംഗ്ലീഷ് താരങ്ങളും ജേസൺ ഹോൾഡർ, ഡേവിഡ് വാർണർ, റാസ്സി വാൻഡെർ ദസ്സൻ എന്നിവരും ഇംഗ്ലണ്ട് പരിശീലകരായ രവി ബൊപ്പാരയും അലക്‌സാൺഡ്ര ഹാർട്ട്ലിയും ഇത്തവണ പിഎസ്എല്ലിൻ്റെ ഭാഗമായി പാകിസ്താനിലുണ്ട്.

Related Posts