പിഎസ്സി പരീക്ഷാക്രമക്കേട് കേസിൽ പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ സസ്പെൻഡ് ചെയ്തു. കേസിൽ ക്രൈംബ്രാഞ്ച് പ്രതി ചേർത്തതിനു പിന്നാലെയാണ് നടപടി. പിഎസ്സിയിലെ രണ്ട് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്യാത്തതിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. അന്വേഷണത്തിലെ മെല്ലെപ്പോക്കിനെ ചോദ്യം ചെയ്ത കോടതി, പ്രതികളെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും കോടതി നടപടികൾ തടസ്സമല്ലെന്നും വ്യക്തമാക്കിയിരുന്നു.
പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് എസ്ഐടിക്ക് ഇതുവരെ 177 പരാതികൾ ലഭിച്ചിട്ടുണ്ട്. നിലവിൽ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. ഈ മൂന്ന് പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ച് എഡിജിപിക്ക് ഉടൻ റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.