മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡൽഹിയിൽ തുടരും. പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ തുടർച്ചയായ നാലാം ദിവസവും ജന്തർ മന്തറിൽ പ്രതിഷേധത്തിന് എത്തും. ഒക്ടോബർ 4ലെ പ്രതിഷേധത്തിൽ നൂറുകണക്കിന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ സമർപ്പിച്ച രണ്ട് ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ സമ്മതമില്ലാതെ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തെന്നാണ് ഹർജിക്കാരുടെ ആരോപണം. ഇത്തരം തീരുമാനങ്ങൾ റദ്ദാക്കണമെന്നും ഗ്യാനേഷ് കുമാറിനെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്നും ഹർജികളിൽ ആവശ്യപ്പെടുന്നു.

റാകേഷ് കുമാർ സിങ്, ശൈലേന്ദ്ര മണി ത്രിപാഠി എന്നിവരാണ് ഹർജിക്കാർ. അതേസമയം, ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണെന്നും അവയിൽ ഇതുവരെ കോടതി അന്തിമ കണ്ടെത്തൽ നടത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Related Posts