കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈസ് ചാൻസലർ സി.എസ്. തോമസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മെവിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് കസ്റ്റഡിയിലായത്. വിസിയെ കൈയേറ്റം ചെയ്തെന്ന പരാതിയിലും പൊലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിലുമാണ് നാല് വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്. രണ്ട് കേസുകളിലായാണ് കസ്റ്റഡിയിലെടുത്തത്.
വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിക്കുകയും കൈയേറ്റം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി ആരോപിച്ചാണ് വിസി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്നും സിൻഡിക്കേറ്റ് അംഗങ്ങളെയും പേഴ്സണൽ സ്റ്റാഫിനെയും ആക്രമിച്ചെന്നും പരാതിയിൽ പറയുന്നു.
സാങ്കേതിക സർവകലാശാല വിസിയായ സി.എസ്. തോമസ് നിലവിൽ കാലടി സംസ്കൃത സർവകലാശാലയുടെ വിസിയുടെ അധിക ചുമതലയും വഹിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് ഗവർണറെയും അവർ വിവരമറിയിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും തനിക്കും സിൻഡിക്കേറ്റ് അംഗങ്ങൾക്കും സംരക്ഷണം നൽകാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്നും വിസി ഗവർണറെ അറിയിച്ചു. സർവകലാശാലയിലെ വിദ്യാർഥികൾക്ക് പുറമെ പുറത്തുനിന്നുള്ളവരും ആക്രമണത്തിൽ പങ്കെടുത്തതായും പരാതിയിൽ ആരോപണമുണ്ട്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പുറമെ ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡിജിപി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.