വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. വൈകിട്ട് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന അവർ റോഡ് മാർഗം കൽപ്പറ്റയിലേക്ക് യാത്ര തിരിക്കും.

വ്യാഴാഴ്ച രാവിലെ ചെറുവയൽ രാമൻ്റെ കുടുംബത്തെ സന്ദർശിച്ചുകൊണ്ടായിരിക്കും പ്രിയങ്കയുടെ പരിപാടികൾക്ക് തുടക്കമാകുക. തുടർന്ന് മാനന്തവാടിയിലെ കമ്മനയിലും തൃശ്ശിലേരിയിലും പുതുതായി നിർമിച്ച സ്മാർട്ട് അങ്കണവാടികൾ ഉദ്ഘാടനം ചെയ്യും. പ്രിയങ്കയുടെ ഇടപെടലിലൂടെ സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പ്രിയദർശിനി ടീ ഫാക്ടറിയുടെ പ്രവർത്തന പുരോഗതിയും അവർ വിലയിരുത്തും.

വെള്ളിയാഴ്ച കൽപ്പറ്റയിലെ സുഗന്ധഗിരി ലോവർ പ്രൈമറി സ്കൂൾ സന്ദർശിക്കുന്ന പ്രിയങ്ക, തുടർന്ന് പുതുപ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ എംപി ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിക്കും. കിഴുപറമ്പ്, വെറ്റിലപ്പാറ ആരോഗ്യ കേന്ദ്രങ്ങൾക്കായി എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മൊബൈൽ ഡിസ്പെൻസറി വാഹനങ്ങളുടെ ഫ്ലാഗ് ഓഫും ഇതോടൊപ്പം നടക്കും.

വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിലെ വിവിധ സ്കൂളുകൾക്കായി അനുവദിച്ച ആറ് സ്കൂൾ ബസുകളുടെ ഫ്ലാഗ് ഓഫ് കർമവും പ്രിയങ്ക നിർവഹിക്കും. കാപ്പിൽകരാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിലായിരിക്കും ഇതിന്റെ ഉദ്ഘാടനം. തുടർന്ന് നിലമ്പൂർ ഐജിഎംഎംആർ സ്കൂളും സന്ദർശിക്കും.

വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്ന സന്ദർശനത്തിനുശേഷം ശനിയാഴ്ച പ്രിയങ്ക ഗാന്ധി ഡൽഹിയിലേക്ക് മടങ്ങും.

Related Posts