സ്വകാര്യ ബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നും ദീർഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിസാര കാരണങ്ങൾ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത പൊലീസിൻ്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.
കെ.സ്.ആർ.ടി സി തൊഴിലാളി യൂണിയൻറെ സമ്മർദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പിൽ നിന്ന് ബസുകളുടെ പെർമിറ്റുകൾ പുതുക്കി ലഭിക്കുന്നില്ല. വിദ്യാർഥികളിൽ നിന്ന് ഇപ്പോഴും 14 വർഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. ആയതിനാൽ വിദ്യാർത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് 5 രൂപയാക്കണം. പൊതു ഗതാഗതത്തെ തകർക്കുന്ന നടപടികളാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സർവീസ് നിർത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷൻ നിർബന്ധിതമായത്.
മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ കൂടിയാലോചന നടത്തി സമരത്തിൻ്റെ രീതിയും തീയതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ.കെ.തോമസ് ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ജോയൻറ് സെക്രട്ടറി പാലമുറ്റത്ത് വിജയ് കുമാർ, കോട്ടയം ജില്ലാ പ്രസിഡൻ്റ് ജാക്സൻ, സെക്രട്ടറി സുരേഷ് എന്നിവർ പങ്കെടുത്തു.