ഗൂഗിൾ കമ്പനിയുടെ വോയ്സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സംഭാഷണങ്ങൾ അവരുടെ സമ്മതമില്ലാതെ റിക്കാർഡ് ചെയ്യുന്നതിനെതിരേ സ്വകാര്യതാ ലംഘന കേസ്. 570 കോടി രൂപ കേസിൽ നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് ഗൂഗിൾ. കാലിഫോർണിയയിലെ സാൻ ജോസ് ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ദീർഘകാല നിയമ ചെലവുകളും അസൗകര്യങ്ങളും ഒഴിവാക്കാൻ കമ്പനി കോടതി രേഖകൾ പ്രകാരം 68 മില്യൺ ഡോളർ ( 570 കോടി രൂപ) നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ ജില്ലാ ജഡ്ജി ബെത്ത് ലാബ്സൺ ഫ്രീമാനിൽ നിന്ന് ഈ ഒത്തുതീർപ്പിന് ഇതുവരെ അന്തിമ അനുമതി ലഭിച്ചിട്ടില്ല. ഗൂഗിൾ കമ്പനിയുടെ വോയ്സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സംഭാഷണങ്ങൾ അവരുടെ സമ്മതമില്ലാതെ രഹസ്യമായി റിക്കാർഡ് ചെയ്യുന്നുണ്ടെന്നും പിന്നീട് അവ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നുമുള്ളതാണ് കേസ്. കേസിൽ ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ ആരുടെയും അനുമതിയില്ലാതെ ഗൂഗിൾ അസിസ്റ്റന്റ് റിക്കാർഡ് ചെയ്തെന്നാണ് പരാതിക്കാർ ആരോപിച്ചത്. എന്നാൽ ഗൂഗിൾ ഒരു തെറ്റും സമ്മതിച്ചിട്ടില്ല.