ഇന്ത്യ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന തരത്തിലുള്ള ചോദ്യം ഉന്നയിച്ച പാകിസ്താൻ മാധ്യമപ്രവർത്തകന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിൻ്റെ മറുപടി. ഐക്യരാഷ്ട്രസഭയുടെ 81-ാം പൊതുസഭാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം.
ലൈബീരിയൻ വിദേശകാര്യമന്ത്രി സാറ ബെസ്സോലോ ന്യാൻതിക്കൊപ്പമുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് പാക് മാധ്യമപ്രവർത്തകൻ ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. ‘പാകിസ്താനിലെ ഇന്ത്യയുടെ ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണ എപ്പോഴാണ് അവസാനിപ്പിക്കുക?’ എന്നായിരുന്നു ചോദ്യം.
ഇതിന് ‘ഞാൻ ഒരു ഭീകരവാദ രാജ്യത്തിൻ്റെ പ്രതിനിധിയാണോ, എന്നോടാണോ ഈ ചോദ്യം ചോദിക്കുന്നത്?’ എന്നായിരുന്നു ജയശങ്കറിൻ്റെ പ്രതികരണം. പാക് മാധ്യമപ്രവർത്തകൻ ആരോപണങ്ങൾ തുടർന്നതോടെ ജയശങ്കറും സംഘവും വാർത്താസമ്മേളന വേദിയിൽ നിന്ന് മടങ്ങുകയും ചെയ്തു.
അതേസമയം, ഇതിന് മുൻപ് പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനോട് ഒരു ഇന്ത്യൻ മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യവും ചർച്ചയായിരുന്നു. പാകിസ്താൻ ഭീകരവാദികൾക്ക് നൽകുന്ന പിന്തുണ എപ്പോൾ അവസാനിപ്പിക്കുമെന്നായിരുന്നു മാധ്യമപ്രവർത്തകൻ്റെ ചോദ്യം.
ഇതിന് പിന്നാലെയാണ് ജയശങ്കറുടെ വാർത്താസമ്മേളനത്തിലും സമാനമായ വിഷയത്തിൽ ചോദ്യം ഉയർന്നത്. പാക് മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് ജയശങ്കർ നൽകിയ മറുപടി വ്യക്തമായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ് ചൂണ്ടിക്കാട്ടി.