നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിൻ്റെ നോട്ടീസ്. 3 ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. 2022 ൽ പുറത്തിറങ്ങിയ ഗോൾഡ്, കടുവ, ജനഗണമന എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളിലെ വരുമാനവുമായി ബന്ധപ്പെട്ട് മുമ്പും വിശദീകരണം തേടിയിട്ടുണ്ടെന്നാണ് ഐ.ടി. വകുപ്പിൽ നിന്നുള്ള വിശദീകരണം.
ഈ ചിത്രങ്ങളിൽ സഹനിർമ്മാതാവെന്ന നിലയിൽ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തൽ. എന്നാൽ അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ നിർമാണ കമ്പനിയുടെ പേരിൽ പണം വാങ്ങിയതിൽ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ആദായ നികുതി വകുപ്പിൻ്റെ വിശദീകരണം സ്വാഭാവിക നടപടിയാണെന്നാണ്. പൃഥ്വിരാജിന് മാർച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസിൽ നിന്ന് നോട്ടീസ് അയച്ചത്.
ഏപ്രിൽ 29-നകം വിശദീകരണം നൽകണമെന്നാണ് ആദായനികുതി വകുപ്പിൻ്റെ നിർദേശം. അഭിനേതാവെന്ന നിലയിൽ പണം വാങ്ങുമ്പോൾ അതിന് നികുതി കൂടുതലാണ്. എന്നാൽ പാതി നിർമ്മാതാവ് എന്ന നിലയിൽ പണം വാങ്ങുമ്പോൾ നികുതി താരതമ്യേന കുറവാണ്. മാർച്ചിൽ ഒരു സാമ്പത്തിക വർഷം അവസാനിക്കുന്നതിൻ്റെ ഭാഗമായാണ് വീണ്ടും ഇക്കാര്യത്തിൽ വിശദീകരണം തേടിയതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. ഇ-മെയിൽ വഴിയാണ് നോട്ടീസ് അയച്ചത്. നേരിട്ടോ അല്ലാതെയോ മറുപടി നൽകാനാണ് നിർദേശം.