കുടകിലെ ഹോംസ്റ്റേയിൽ വിദേശ വനിതയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മൈസൂരു ജില്ലയിൽ അനധികൃത ഹോംസ്റ്റേകൾക്കും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത ഹോംസ്റ്റേകൾ അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ ജി. ലക്ഷ്മികാന്ത് റെഡ്ഡി നിർദേശം നൽകി.

ടൂറിസം വകുപ്പിൻ്റെ കണക്കുപ്രകാരം മൈസൂരു ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 49 ഹോംസ്റ്റേകൾ മാത്രമാണ്. എന്നാൽ ജില്ലയിൽ ആയിരത്തിലധികം ഹോംസ്റ്റേകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഉടമകളുടെ സംഘടനയുടെ അവകാശവാദം. ഇതിൻ്റെ യാഥാർഥ്യം കണ്ടെത്താൻ ടൂറിസം വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി സർവേ ആരംഭിച്ചിട്ടുണ്ട്. ഹോംസ്റ്റേകളിൽ നിർബന്ധമായും സിസിടിവി ക്യാമറകൾ സ്ഥാപിക്കുക, ജീവനക്കാരുടെ പശ്ചാത്തല പരിശോധന നടത്തുക, അതിഥികളുടെ തിരിച്ചറിയൽ രേഖകൾ സൂക്ഷിക്കുക, അടിയന്തര സഹായ നമ്പറുകൾ പ്രദർശിപ്പിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

രജിസ്റ്റർ ചെയ്ത ഹോംസ്റ്റേകളിൽ മാത്രം താമസിക്കാൻ വിനോദസഞ്ചാരികളോട് ടൂറിസം വകുപ്പ് അഭ്യർഥിച്ചിട്ടുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Related Posts