കുളിക്കുകയായിരുന്ന വീട്ടുടമയെ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ചെന്ന പരാതിയിൽ അറസ്റ്റിലായ 30-കാരനായ സോഫ്റ്റ്വെയർ എൻജിനീയർ മഞ്ജുനാഥിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
സംഭവം നടന്നതിന് രണ്ട് ദിവസം കഴിഞ്ഞ്, വാടകക്കാരൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിൻ്റെ നിറം ശ്രദ്ധയിൽപ്പെട്ട വീട്ടുടമയ്ക്ക് സംശയം തോന്നി. തുടർന്ന് മഞ്ജുനാഥിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ അവർ അടിയന്തര സേവന നമ്പറായ 112-ൽ വിളിച്ച് പോലീസിനെ വിവരം അറിയിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് ബെഗൂർ പോലീസ് സ്ഥലത്തെത്തി പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചു. പരിശോധനയിൽ പരാതിക്കാരിയെ രഹസ്യമായി ചിത്രീകരിച്ച ഒരു വീഡിയോ കണ്ടെത്തി. ഇതിന് പുറമെ, സമാന രീതിയിൽ മുമ്പ് പകർത്തിയതാണെന്ന് സംശയിക്കുന്ന മറ്റൊരു വീഡിയോയും ഫോണിലുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
തുടർന്ന് വീട്ടുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ജുനാഥിനെ അറസ്റ്റ് ചെയ്ത ബെഗൂർ പോലീസ് കോടതിയിൽ ഹാജരാക്കി. കേസ് പരിഗണിച്ച കോടതി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു.
പ്രതിയുടെ മൊബൈൽ ഫോണിലുള്ള മറ്റ് ഡിജിറ്റൽ തെളിവുകളും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും, കൂടുതൽ പേർ ഇത്തരത്തിൽ സ്വകാര്യതാ ലംഘനത്തിന് ഇരയായിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.