പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി തമിഴ്നാട്ടിലെത്തും. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി ഏകദേശം 6,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഇന്ന് രാത്രി 9 മണിയോടെ ഗുജറാത്ത്, രാജസ്ഥാൻ സന്ദർശനങ്ങൾ പൂർത്തിയാക്കി പ്രധാനമന്ത്രി ചെന്നൈയിലെത്തും. നാളെ രാവിലെ 11:45-ന് പുതുച്ചേരിയിലെത്തി 2,700 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3 മണിയോടെ മധുരയിലെത്തുകയും മധുര എയിംസ് ആശുപത്രിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
തുടർന്ന് 4,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നവീകരിച്ച 8 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. മധുരയിലെ ചരിത്രപ്രസിദ്ധമായ തിരുപ്പറങ്കുണ്ഡ്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും. വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമായും ഈ സന്ദർശനം വിലയിരുത്തപ്പെടുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ചെന്നൈയിലും മധുരയിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.