ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും ദുരന്തമായി മാറി. വിവിധ ജില്ലകളിലായി മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. രജൗരി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് നിരവധി വീടുകൾ തകർന്നുവീഴുകയും മണ്ണിടിച്ചിലിൽ ഏഴ് പേരെ കാണാതാവുകയും ചെയ്തു. രജൗരിയിലെ സുരൻകോട്ട് തഹസീലിൽ സ്ഥിതി അതീവ ഗുരുതരമാണ്. നൂനബന്ദി ഗ്രാമത്തിൽ വീട് തകർന്നുവീണ് 28-കാരിയായ നാസിയ കൗസർ മരിച്ചു. ഭർത്താവിനും മൂന്ന് മക്കൾക്കും പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോവർ മുറൈ മേഖലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഒരു കുടുംബത്തിലെ ആറുപേരെ കാണാതായി. ദുണ്ടക്–ലത്തൂങ് പാലത്തിന് സമീപത്തെ അരുവിയിൽ നിന്ന് അജ്ഞാതയായ ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യൻ സൈന്യം, ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേന, പൊലീസ്, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്. ഇതുവരെ 11 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാൽ ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുകയാണ്.
മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞുമാറണമെന്ന് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ദുരന്തബാധിതർക്കായി അടിയന്തര സഹായവും ദുരിതാശ്വാസ നടപടികളും ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.