കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലായിരുന്നു പ്രധാനമന്ത്രി എക്സ്പോസ്റ്റിൽ കുറിച്ചത്. കേരള സർക്കാരിന് കേന്ദ്രസർക്കാരിൻ്റെ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നുവെന്നും മോദി പറഞ്ഞു.
‘കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ ജി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എന്റെ എല്ലാ ആശംസകളും അദ്ദേഹത്തിൻ്റെ ഭരണകാലത്തിന് നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവൺമെൻ്റിന് കേന്ദ്രത്തിൻ്റെ എല്ലാ വിധ പിന്തുണയും ഉറപ്പുനൽകുന്നു’, പ്രധാനമന്ത്രി എക്സ്പോസ്റ്റിൽ കുറിച്ചു.
ഇന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ യുഡിഎഫിന്റെ സമ്പൂർണ്ണ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വയനാട് എംപി പ്രിയങ്കാ ഗാന്ധി, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചിരുന്നു.