ബെംഗളൂരുവിലെ മടിവാള മേഖലയിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കവർന്നതായി പരാതി. സംഭവത്തിൽ മടിവാള പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ജീപ്പിലെത്തിയ രണ്ടംഗ സംഘമാണ് കവർച്ച നടത്തിയതെന്നും, ഇവരുടെ കൈവശം പൊലീസ് തിരിച്ചറിയൽ കാർഡുകളും ഉണ്ടായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്.
മടിവാള ഇൻസ്പെക്ടർ അയച്ചതാണെന്ന് പരിചയപ്പെടുത്തിയെത്തിയ രണ്ടുപേർ ആദ്യം യുവാക്കളുമായി സംസാരിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയുമായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ യുവാക്കൾ സംഘം എത്തിയ വാഹനത്തിൻ്റെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ, ബെംഗളൂരു ക്രൈം ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലാകാം കവർച്ച നടന്നതെന്ന സൂചനകൾ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ആരോപണ വിധേയനായ ഇൻസ്പെക്ടറുടെ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും വിവരം പുറത്തുവരുന്നുണ്ട്. വ്യാജ പൊലീസ് ചമഞ്ഞാണോ കവർച്ച നടന്നതെന്നതടക്കമുള്ള എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
സംഭവം ബെംഗളൂരുവിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കവർച്ചയ്ക്ക് പിന്നിലെ യഥാർത്ഥ പ്രതികളെയും സംഭവത്തിൻ്റെ പശ്ചാത്തലവും കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.