കാർ ഉടമയെ ആക്രമിച്ച് വാഹനം കൊള്ളയടിച്ച സംഘത്തെ ബിദാദി പോലീസ് അറസ്റ്റുചെയ്‌തു. അറസ്റ്റിലായ എട്ടുപേരടങ്ങുന്ന സംഘത്തിൽ പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളും ഉണ്ട്.

മൈസൂരിലെ കുറുബറഹള്ളി നിവാസിയായ ശിവപ്രസാദ്, മൈസൂരിലെ സിദ്ധാർഥ ലേഔട്ടിൽനിന്നുള്ള സദ്ദാം ഹുസൈൻ, ബെംഗളൂരുവിലെ പദരായണപുര നിവാസിയായ കാലു എന്ന ഖബീർ, ബല്ലാരി നിവാസിയായ യശ്വന്ത് കുമാർ എന്നിവരാണ് മുഖ്യപ്രതികൾ. ഇവർ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ ഒട്ടേറെ കവർച്ചകൾ നടത്തിയിട്ടുള്ളവരാണെന്നു പോലീസ് അറിയിച്ചു. ടോൾ ബൂത്തിലെയും മറ്റ് സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബെംഗളൂരുവിലെ സ്റ്റേറ്റ് ഹോം ഫോർ ഗേൾസിലേക്ക് അയച്ചു.

പ്രതികൾ ബെംഗളൂരുവിലേക്കുള്ള യാത്രക്കായി കഴിഞ്ഞ നവംബർ 18-ന് രാത്രി, സ്വാമി ഗൗഡയുടെ ഉടമസ്ഥതയിലുള്ള കാർ സംഘം ബുക്ക് ചെയ്‌തിരുന്നു. ബിദാദി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒറ്റപ്പെട്ട സ്ഥലമായ ബന്നിഗിരി റോഡിൽ വാഹനം എത്തിയപ്പോൾ, ഡ്രൈവറെ ഇരുമ്പുവടികൊണ്ട് ആക്രമിച്ച് സംഘം വാഹനവുമായി കടന്നുകളയുകയായിരുന്നു. ഇവരിൽനിന്ന് ഏകദേശം 16 ലക്ഷം രൂപയുടെ മോഷ്‌ടിച്ച സ്വത്തുക്കൾ പോലീസ് പിടിച്ചെടുത്തു.

Related Posts