നാളുകളായി നീളുന്ന പിങ്ക് ലൈൻ മെട്രോയുടെ ഉദ്ഘാടനത്തിൽ പ്രതിഷേധിച്ച് ബെംഗളൂരുവിലെ നാട്ടുകാർ പ്രതീകാത്മക ഉദ്ഘാടനം നടത്തി. കലേന അഗ്രഹാര മെട്രോ സ്റ്റേഷനിൽ പിങ്ക് റിബൺ മുറിച്ചും പിങ്ക് ബലൂണുകളുമായുമായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

ബാനർഘട്ട റോഡ് മേഖലയിലെ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടമായി കലെന അഗ്രഹാര–തവാരെക്കെരെ 7.5 കിലോമീറ്റർ ഉയർന്ന പാതയാണ് യാത്രക്കാർക്കായി തുറക്കുന്നത്. കലെന അഗ്രഹാര, ഹുളിമാവ്, ഐ.ഐ.എം ബെംഗളൂരു, ജെ.പി നഗർ നാലാം ഘട്ടം, ജയദേവ ഹോസ്പിറ്റൽ, തവാരെക്കെരെ എന്നിങ്ങനെ ആറ് സ്റ്റേഷനുകളാണ് ഈ ഭാഗത്തുള്ളത്.

ജയദേവ ഹോസ്പിറ്റൽ സ്റ്റേഷനിൽ യെല്ലോ ലൈനുമായി ഇന്റർചേഞ്ച് സൗകര്യമുണ്ടാകും. ഇതോടെ ബാനർഘട്ട റോഡ്, ഹുളിമാവ്, ജെ.പി നഗർ തുടങ്ങിയ തെക്കൻ ബെംഗളൂരു മേഖലകളിൽനിന്നുള്ള യാത്രക്കാർക്ക് നഗരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് മെട്രോ വഴി കൂടുതൽ സൗകര്യപ്രദമായി യാത്ര ചെയ്യാനാകും.

ആദ്യഘട്ടം നേരത്തെ ഓഗസ്റ്റ് 15നും പിന്നീട് സെപ്റ്റംബർ അവസാനത്തോടെയും തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സുരക്ഷാ പരിശോധനകളും അനുമതികളും കാരണം വൈകുകയായിരുന്നു. റെയിൽവേ ബോർഡ് പുതിയ ബി.ഇ.എം.എൽ ട്രെയിൻസെറ്റുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇനി കമ്മീഷണർ ഓഫ് മെട്രോ റെയിൽവേ സേഫ്റ്റി (CMRS) പരിശോധനയും അന്തിമ അനുമതിയും ലഭിക്കേണ്ടതുണ്ട്.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ മധ്യത്തോടെ സർവീസ് ആരംഭിക്കാനാണ് സാധ്യത. അതേസമയം, ഔദ്യോഗിക ഉദ്ഘാടന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പൂർണമായ പിങ്ക് ലൈൻ ഏകദേശം 21 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. കലെന അഗ്രഹാരയിൽ നിന്ന് നാഗവാരയിലേക്കുള്ള ഈ പാതയിൽ 7.5 കിലോമീറ്റർ ഉയർന്ന ഭാഗത്തിന് പുറമെ ഡയറി സർക്കിൾ–നാഗവാര ഭാഗത്ത് ഏകദേശം 13.76 കിലോമീറ്റർ ഭൂഗർഭ പാതയുമുണ്ട്. ഭൂഗർഭ ഭാഗം പിന്നീട് തുറക്കാനാണ് പദ്ധതി.

Related Posts