പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ കുടുംബസംഗമം ലക്ഷ്മിപുര സാമ്പ്രം കൺവെൻഷൻ സെൻററിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പാലക്കാട് ഫോറം ബെംഗളൂരു പ്രസിഡണ്ട് ദിലീപ് കുമാറിൻ്റെ അധ്യക്ഷതയിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. പ്രശസ്ത സിനിമാതാരം വിനയ പ്രസാദ് നിലവിളക്ക് കൊളുത്തി കുടുംബസംഗമം ഉദ്‌ഘാടനം ചെയ്‌തു. മുഖ്യാതിഥിയായ പ്രശസ്ത കവി പി.രാമൻ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി, കന്നഡ സിനിമാ നടനും പാലക്കാട് സ്വദേശിയുമായ ഡോ.പത്മനാഭൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രമുഖ കഥകളി കലാകാരൻ കൃഷ്‌ണൻ നമ്പൂതിരി, ഗീത ബയോടെക് എം ഡി രാജൻ വേലായുധൻ, പാലക്കാട് ഫോറം രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ച ശശിധരൻ പതിയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

രാവിലെ പാലക്കാട് ഫോറം ബെംഗളൂരു കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയതിനുള്ള പാലക്കാട് ഫോത്തിൻ്റെ പ്രത്യേക പുരസ്‌കാരം ഡോ.ദീപ ബാബു, ഡോ.മനീഷ്, സച്ചിൻനാഥ്, ശ്രെയ സുരേഷ് എന്നിവർ ഏറ്റുവാങ്ങി. പത്ത്, പന്ത്രണ്ടു ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾളെ മെറിറ്റ് അവാർഡ് നൽകി അനുമോദിച്ചു.

വിഭവ സമൃദ്ധമായ പാലക്കാടൻ സദ്യയ്ക്ക് ശേഷം, ടിവി ചാനലുകളിൽ മിമിക് പ്രകടനത്തിലൂടെ മിന്നും പ്രകടനം കാഴ്‌ചവെച്ച് കാണികളെ പൊട്ടിച്ചിരിപ്പിക്കുന്ന സുപ്രസിദ്ധ കലാകാരൻ മിഥുൻ മണ്ണാർക്കാട്, എം.ജി. ശ്രീകുമാറിൻ്റെയും, അനശ്വര നടൻ ജയൻ്റേയും വേഷത്തിൽ പാടി അഭിനയിച്ച് വിസ്മ‌യം സൃഷ്ടിച്ച് ശ്രദ്ധേയനായ ഗായകൻ നിഷാബ് കലാഭവൻ, റിയാലിറ്റി ഷോകളിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്‌ച വെക്കുന്ന വിഷ്ണു ദാസ്, അനഘ സതീഷ് തുടങ്ങി ഒട്ടേറെ സുപ്രസിദ്ധ കലാകാരന്മാർ അണിനിരന്ന കൊച്ചിൻ മീഡിയ സ്റ്റാർസിൻ്റെ മെഗാ മ്യൂസിക്കൽ മിമിക് ഷോ കുടുംബസംഗമത്തിന് മാറ്റുകൂട്ടി.

പാലക്കാട് ഫോറം സെക്രട്ടറി സി പി മുരളി, വനിതാവിഭാഗം ‘ഉഷസ്’ പ്രസിഡണ്ട് വിനീത മനോജ് എന്നിവർ സംസാരിച്ചു. രാജേഷ് വെട്ടംതൊടി നന്ദി പ്രകാശിപ്പിച്ചു.

Related Posts