കോഴിക്കോട് അരയിടത്തുപാലത്ത് ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ, ഗോകുലം മാൾ ഓവർ ബ്രിഡ്‌ജിന് സമീപത്തായിരുന്നു അപകടം. പാളയം ബസ് സ്റ്റാൻഡിൽ നിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ബസ് സാനിഹ് സഞ്ചരിച്ച ബൈക്കിൻ്റെ മേൽ തലകീഴായി മറിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ അൻപതോളം പേർക്കാണ് പരിക്കേറ്റത്. മറിഞ്ഞതിന് പിന്നാലെ ബസിൻ്റെ ഒരു ഭാഗം തെറിച്ച് വഴിയാത്രക്കാരൻ്റെ ദേഹത്തുവീഴുന്നതും അപകടംകണ്ട് ആളുകൾ ഓടിക്കൂടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തെ സ്വകാര്യസ്ഥാപനത്തിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിൽ അപകടത്തിൻ്റെ ദൃശ്യം കാണാൻ സാധിച്ചിട്ടുണ്ട്.