തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്ഐആർ) ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്‌കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ, മലയോര-തീര മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താൻ അംഗനവാടി,ആശ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കും.
കേരളം ഉൾപ്പടെ പതിനൊന്ന് സംസ്ഥാനങ്ങളിലെ എസ്ഐആർ കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒഴിവായത് മൂന്നു കോടി എഴുപത് ലക്ഷം വോട്ടർമാർ. ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവായത് തമിഴ്നാട്ടിലാണ്. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച ശേഷമാകും കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക.
ബിഹാറിനു ശേഷം കേരളം ഉൾപ്പടെ പത്ത് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ ഉത്തർപ്രദേശ് ഒഴികെ പതിനൊന്നിടത്തെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് പൂർത്തിയായി. ഉത്തർപ്രദേശിൽ ഈ മാസം 31 വരെ ഇതിന് സമയം നല്കിയിരിക്കുകയാണ്. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ എന്നിവരെ ഒഴിവാക്കിയുള്ള കരട് പട്ടികകളിലെ പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിക്കും.