കേരള സർക്കാരിൻ്റെ പൊതുമേഖലാ സ്ഥാപനമായ ഒഡെപെക് (ODEPC) മുഖേന യുഎഇയിലെ ഹോംകെയർ മേഖലയിലേക്ക് വനിതാ അസിസ്റ്റന്റ് നഴ്സുമാരെ നിയമിക്കുന്നു. പൂർണമായും സൗജന്യമായ റിക്രൂട്ട്മെന്റിലൂടെ 50 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിഎസ്സി നഴ്സിങ് അല്ലെങ്കിൽ ജിഎൻഎം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 3,500 ദിർഹം ശമ്പളവും ഓവർടൈം ആനുകൂല്യങ്ങളും ലഭിക്കും. ജൂൺ 30 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം.
ആശുപത്രി, ക്ലിനിക് അല്ലെങ്കിൽ ഹോംകെയർ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള 20 മുതൽ 40 വയസ് വരെയുള്ള വനിതകൾക്കാണ് അവസരം. യുഎഇ ആരോഗ്യ മന്ത്രാലയത്തിൻ്റെയോ ദുബായ് ഹെൽത്ത് അതോറിറ്റിയുടെയോ ലൈസൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഡാറ്റാഫ്ലോ നടപടികൾ പൂർത്തിയാക്കിയവർക്കും നിലവിൽ പ്രക്രിയ തുടരുന്നവർക്കും മുൻഗണന ലഭിക്കും.
ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്താനുള്ള കഴിവിനൊപ്പം ട്രാക്കിയോസ്റ്റമി കെയർ, കത്തീറ്റർ കെയർ, ബെഡ്സോർ പ്രതിരോധം, എൻജിടി/പിഇജി ഫീഡിങ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം നിർബന്ധമാണ്. കുറഞ്ഞത് അഞ്ച് അടി ഉയരവും ആവശ്യമായ ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. ബിഎംഐ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കമ്പനി വക സൗജന്യ താമസസൗകര്യം, ജോലിസ്ഥലത്തേക്കുള്ള യാത്രാസൗകര്യം, രണ്ട് വർഷത്തെ തൊഴിൽവിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ലഭിക്കും. ഈ നിയമനത്തിനായി ഉദ്യോഗാർഥികളിൽ നിന്ന് യാതൊരു ഫീസും ഈടാക്കില്ല.
താൽപര്യമുള്ളവർ പുതുക്കിയ ബയോഡാറ്റ, പാസ്പോർട്ട് പകർപ്പ്, നഴ്സിങ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് ഒഡെപെക്കിൻ്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. ഇമെയിലിൻ്റെ സബ്ജക്ട് ലൈനിൽ “Assistant Nurse to UAE” എന്ന് രേഖപ്പെടുത്തേണ്ടതാണ്.