യു.എ.ഇ. വ്യോമപാതയിലെ എല്ലാ നിയന്ത്രണങ്ങളും നീക്കി. വ്യോമപാത പൂർണമായും തുറന്നതോടെ വിമാന സർവീസുകൾ ഇനി സാധാരണ നിലയിലാകും. സാധാരണ സർവീസുകൾ പുനരാരംഭിക്കുന്നതോടെ നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. യു.എ.ഇ. വ്യോമപാത തുറന്നത് ഇന്ത്യൻ വിമാന കമ്പനികൾക്ക് വലിയ ആശ്വാസമാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, എന്നീ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും കൂടുതൽ സർവീസുകൾ എത്താൻ ഇത് വഴിയൊരുക്കുമെന്നതിനാൽ മലയാളികൾക്ക് വലിയ ആശ്വാസമാണിത്.
പത്തോളം എയർലൈൻസുകൾ സർവീസ് നടത്തിയിരുന്ന കോഴിക്കോട് വിമാനത്താവളത്തിൽ നിലവിൽ ഫ്ളൈ ദുബായ്, എയർ അറേബ്യ എന്നിവ മാത്രമാണ് യു.എ.ഇ.യിൽനിന്ന് നേരിട്ട് സർവീസ് നടത്തുന്നത്. നിയന്ത്രണങ്ങൾ കാരണം പല എയർലൈൻസുകൾക്കും നിലവിൽ സർവീസ് നടത്താൻ സാധിച്ചിരുന്നില്ല. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികൾക്കും കണക്ഷൻ ഫ്ളൈറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മാറുന്നതോടെ യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ ലഭ്യമാകും.
വിമാന സർവീസുകൾ വർധിക്കുന്നതോടെ ലഭ്യമായ സീറ്റുകളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകും. സീറ്റുകൾ വർധിക്കുന്നതോടെ ടിക്കറ്റ് ഡിമാൻഡ് കുറയുകയും നിരക്കുകൾ താഴുകയും ചെയ്യും.