നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ നിർണായക നീക്കവുമായി ഹൈക്കോടതി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻമാർ ഉൾപ്പെട്ട കേസിൽ എസ്ഐടി നൽകിയ അപ്പീലിനെ തുടർന്നാണ് പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചത്.
ആലപ്പുഴ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് എസ്ഐടിയുടെ ആവശ്യം. കേസിലെ പ്രതികളായ അഞ്ച് പേർക്കും പത്ത് ദിവസത്തിനകം മറുപടി നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ഹർജി ഈ മാസം 27ന് വീണ്ടും പരിഗണിക്കും. അന്നേ ദിവസം പ്രതികളുടെ വാദവും കോടതി കേൾക്കും.
മർദനത്തിനായി ഉപയോഗിച്ചെന്ന് പറയുന്ന ഉപകരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിച്ചത് അന്വേഷണത്തെ ബാധിക്കാമെന്നും എസ്ഐടി കോടതിയെ അറിയിച്ചു. അതിനാൽ ജാമ്യം റദ്ദാക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിലപാട്. നേരത്തെ ആലപ്പുഴ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.