മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിൻ്റെ നിലപാടിനെ ശക്തമായി എതിർത്ത് തമിഴ്‌നാട് സർക്കാർ. പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് അനുമതി നൽകില്ലെന്നും അതിനെതിരെ ശക്തമായ നിലപാട് തുടരുമെന്നും തമിഴ്‌നാട് നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികൾ തുടരുമെന്നും സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലായിരുന്നു ഈ പ്രഖ്യാപനം. നിയമസഭാ സമ്മേളനം തമിഴ് തായ് വാഴ്ത്തോടെ ആരംഭിച്ചു. തുടർന്ന് ദേശീയഗാനം ആലപിച്ചെങ്കിലും വന്ദേമാതരം ഉൾപ്പെടുത്തിയിരുന്നില്ല. പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്.

ജാതി, മതം, സാമ്പത്തിക പശ്ചാത്തലം എന്നിവയ്ക്കതീതമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ടിവികെയെന്ന് നയപ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി. പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ ആശയങ്ങൾ പിന്തുടരുന്നതായും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം, മുൻ ഡിഎംകെ സർക്കാരിനെ വിമർശിച്ച ഗവർണർ, ലഹരി വ്യാപനം നിയന്ത്രിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ എതിർപ്പും ത്രിഭാഷാ നയവുമായി കേന്ദ്ര ധനസഹായത്തെ ബന്ധിപ്പിക്കുന്ന സമീപനം അംഗീകരിക്കില്ലെന്ന നിലപാടും സർക്കാർ ആവർത്തിച്ചു.

Related Posts