ഓണം വാരാഘോഷത്തിൻ്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തിൽ പ്രദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. നഗരസഭാ പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാത്രമാണ് അവധി ബാധകം.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് 4ന് വെള്ളയമ്പലത്തെ മാനവീയം വീഥിയിൽ ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് അമ്പത്തിയൊന്ന് കലാകരന്മാർ ശംഖനാദം മുഴക്കും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് വാദ്യോപകരണമായ കൊമ്പ് കൈമാറി സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കം കുറിക്കും.

ഘോഷയാത്ര വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കും. ആയിരത്തിൽപരം കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ വിവിധ വകുപ്പുകൾ തയാറാക്കുന്ന അറുപതോളം ഫ്ളോട്ടുകളും അണിനിരക്കും. തനതു കലാരൂപങ്ങൾ, വിവിധ വാദ്യമേളങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ കലാരൂപങ്ങൾ എന്നിവയും ഘോഷയാത്രയിൽ അണിനിരക്കും.

Related Posts