ബംഗളൂരുവിലെ നഴ്സിംഗ് വിദ്യാർഥി ആദിത്യന്റെ മരണം; പരാതിയുമായി കുടുംബം രംഗത്ത്
ബംഗളൂരുവിലെ ബിടിഎൽ നഴ്സിംഗ് കോളജിലെ രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ പ്രദീപ് ബംഗളൂരു ഹെബഗോഡി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യനെ(19) ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്.
തലേദിവസം വീഡിയോ കോൾ വഴി ആദിത്യൻ കുടുംബവുമായി സന്തോഷത്തോടെ സംസാരിച്ചിരുന്നതായും ആത്മഹത്യ ചെയ്യേണ്ടതായ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും പിതാവ് ആരോപിക്കുന്നു. ആദിത്യൻ അതീവ ഗുരുതരാവസ്ഥയിൽ ആണെന്നറിയിച്ച് കോളജ് അധികൃതർ ബുധനാഴ്ച ഉച്ചയോടെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഇതേ തുടർന്ന് കുടുംബം ബംഗളൂരുവിലെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്.