ശരീരപ്രകൃതിയെ പരിഹസിക്കുന്നതോ വാക്കാലുള്ള അധിക്ഷേപമോ മാത്രം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 509-ാം വകുപ്പ് പ്രകാരം സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. കേസിലെ സാഹചര്യങ്ങളും ലഭ്യമായ തെളിവുകളും 509-ാം വകുപ്പ് പ്രകാരമുള്ള കുറ്റം നിലനിൽക്കാൻ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു.രണ്ട് യുവതികൾക്കെതിരെ ബെംഗളൂരു സ്വദേശിനി നൽകിയ കേസിലാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറിൻ്റെ ഉത്തരവ്. 2023 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേർന്ന് തന്നെയും സുഹൃത്തുക്കളെയും അധിക്ഷേപിച്ചെന്നായിരുന്നു 26-കാരിയുടെ പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് 509-ാം വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുകയും ബെംഗളൂരു മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കേസിലെ രേഖകൾ പരിശോധിച്ചതിൽനിന്ന് 509-ാം വകുപ്പ് പ്രകാരമുള്ള കുറ്റം നടന്നതായി സ്ഥാപിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ മൂന്നാം പ്രതിയായ പുരുഷനെതിരായ നടപടികൾ 2024 ജൂണിൽ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

Related Posts