വിശ്വഹിന്ദുപരിഷത് കെ.ആർ പുരം ജില്ലയുടെ നേതൃത്വത്തിൽ ശ്രീരാമനവമിയുടെ ഭാഗമായി മാർച്ച് 28ന് നടത്തുവാൻ നിശ്ചയിച്ച ശ്രീരാമോത്സവ ശോഭയാത്രയുടെ വിശദമായ നോട്ടീസ് പ്രകാശനം നടന്നു. വിശ്വഹിന്ദുപരിഷത് കെ.ആർ പുരം ജില്ലകാര്യദർശി ജി എം നിതീഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ വച്ച് സമന്വയ, സംഘമിത്ര, എൻ എസ് എസ്, പാലക്കാടൻ കൂട്ടായ്മ തുടങ്ങിയ മലയാളി സംഘടനാ നേതാക്കൾക്ക് നൽകിക്കൊണ്ട് ജില്ലാ കാര്യദർശി നിർവ്വഹിച്ചു. മാർച്ച് 28ന് വൈകിട്ട് മൂന്ന് മണിക്ക് രാമമൂർത്തിനഗർ ഐ ടി ഐ ടൗൺഷിപ്പിലുള്ള ശ്രീ സിദ്ധിവിനായക ദേവസ്ഥാനത്തുനിന്നും ആരംഭിക്കുന്ന ശോഭയാത്രയിൽ രാംലല്ലാ, കോദണ്ഡരാമൻ, സീതാരാമൻ, ഭക്തഹനുമാൻ, തുടങ്ങിയ ടാബ്ലോകളും, വിവിധ നൃത്തരൂപങ്ങളും,ബാലഗോകുലം കുട്ടികളുടെ വിവിധ വേഷങ്ങളും, ഭജന മണ്ഡലിയും ഉണ്ടായിരിക്കും.
വൈകിട്ട് ആറിന് ശോഭയാത്ര ബി ബി എം പി കേവമ്പൂ മൈതാനത്തിന് സമീപമുള്ള കേമ്പഗൗഢ പ്രതിമയ്ക്ക് മുന്നിലെത്തിച്ചേരും. തുടർന്ന് നടക്കുന്ന ആത്മീയസമ്മേളനത്തിൽ പ്രമുഖ സന്യാസിവര്യന്മാരും, ആത്മീയനേതാക്കളും സംസാരിക്കും, തുടർന്ന് വിവിധ കലാപരിപാടികളും നടക്കുമെന്ന് ജില്ലാ കാര്യദർശി നിതീഷ് കുമാർ അറിയിച്ചു.