ലോക്ഭവനിലെ മാംസാഹാര വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവൻ. ഗവർണറുടെ അടുക്കളയിൽ സസ്യാഹാരം മാത്രമാണ് പാകം ചെയ്യുന്നതെന്നും എന്നാൽ ലോക്ഭവനിലെ ജീവനക്കാർക്ക് മാംസാഹാരം കഴിക്കുന്നതിന് യാതൊരു വിലക്കുമില്ലെന്നും ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാർ വ്യക്തമാക്കി.
ഗവർണർക്കും കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അതിഥികൾക്കും ഭക്ഷണം പാകം ചെയ്യുന്നതിനുള്ളതാണ് ലോക്ഭവനിലെ അടുക്കള. അവിടെ തയ്യാറാക്കുന്ന ഭക്ഷണം ഗവർണറുടെ താൽപര്യത്തിനും ഇഷ്ടത്തിനും അനുസരിച്ചാണെന്നും വിശദീകരണത്തിൽ പറയുന്നു.
ജീവനക്കാർക്ക് പുറത്തുനിന്ന് മാംസാഹാരം കൊണ്ടുവരുന്നതിനോ വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവന്ന് കഴിക്കുന്നതിനോ നിയന്ത്രണമില്ല. ഗവർണറുടെ വ്യക്തിപരമായ ഭക്ഷണരീതിയെ ജീവനക്കാരുടെ ഭക്ഷണശീലങ്ങളുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ജീവനക്കാർക്ക് മാംസാഹാരം വിലക്കിയെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ലോക്ഭവൻ വ്യക്തമാക്കി.