ഈ വർഷത്തെ മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായി കമ്പള സംഘടിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് വിവിധ പരിസ്ഥിതി സംഘടനകൾ. മൈസൂരുവിൽ ചേർന്ന ‘പരിസ്ഥിതിക്കഗി നാവി’ൻ്റെ നേതൃത്വത്തിലുള്ള യോഗത്തിലാണ് ദസറയിൽ നിന്ന് കമ്പള ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികൾക്ക് രൂപം നൽകാൻ തീരുമാനിച്ചത്.
പ്രക്ഷോഭം ഏകോപിപ്പിക്കുന്നതിനായി പ്രത്യേക കോർ കമ്മിറ്റി രൂപീകരിച്ചു. കമ്പള നടത്താൻ നിശ്ചയിച്ചിരിക്കുന്ന സതഗള്ളിയിലെ വി.ടി.യു. കോളേജിന് സമീപമുള്ള സ്ഥലത്ത് ആദ്യഘട്ട പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. കർണാടക കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ദസറ ആഘോഷങ്ങൾ ലളിതവും പ്രതീകാത്മകവുമായ രീതിയിൽ നടത്തണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. കമ്പളയ്ക്ക് വൻതോതിൽ വെള്ളം ആവശ്യമായതിനാൽ നിലവിലെ സാഹചര്യത്തിൽ അത് പരിസ്ഥിതിക്ക് കൂടുതൽ ആഘാതമുണ്ടാക്കുമെന്നും മുതിർന്ന എഴുത്തുകാരൻ ഹൊറേയാല ദൊരൈസ്വാമി അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ദസറ ആഘോഷം ക്രമേണ വാണിജ്യവത്കരിക്കപ്പെടുകയാണെന്ന് പരിസ്ഥിതി പ്രവർത്തകൻ കെ.വി.ബാനു പ്രശാന്ത് വിമർശിച്ചു. ഉത്സവത്തിൻ്റെ തനത് പാരമ്പര്യം സംരക്ഷിക്കുകയാണ് മുൻഗണനയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വരൾച്ചയുടെ പശ്ചാത്തലത്തിൽ ലളിതമായ ദസറ ആഘോഷമാണ് ഉചിതമെന്ന് കർഷക നേതാവ് ബഡഗലപുര നാഗേന്ദ്രയും ആവശ്യപ്പെട്ടു. കമ്പള നടത്തുന്നതിനെതിരെ പൊതുജനങ്ങളുടെ അഭിപ്രായം ശേഖരിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും യോഗത്തിൽ തീരുമാനമായി. വിവിധ കർഷക – പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.