രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗർഭച്ഛിദ്രത്തിന് യുവതിയെ നിർബന്ധിച്ചെന്ന പരാതിയിൽ തിടുക്കത്തിൽ കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ പൊലീസ്. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതി നൽകിയത്. പരാതിക്കാരന് തെളിവുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ല. കോടതിയിൽ ഇത് തിരിച്ചടിയാകും. പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ ഇര പരാതിയുമായി സമീപിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
രാഹുലിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനിലും എറണാകുളം സെൻട്രൽ പൊലീസിലും ഹൈക്കോടതി അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ ആണ് പരാതി നൽകിയത്. സി പി എം അനുഭാവിയാണ് ഇയാൾ. യുവതിയെ ഗർഭം അലസിപ്പിക്കാൻ രാഹുൽ നിർബന്ധിച്ചെന്ന ആരോപണത്തിന്റെ തെളിവാണ് ഇന്നലെ പുറത്തുവന്നത്.
ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളാണ് പ്രചരിച്ചത്. യുവതിയുടെ സ്വകാര്യത പരിഗണിച്ച് സാങ്കേതിക സഹായത്തോടെ ശബ്ദത്തിൽ മാറ്റം വരുത്തിയാണ് സംഭാഷണം പുറത്തുവിട്ടത്. വാട്സ്ആപ്പ് ചാറ്റുകളും പ്രചരിക്കുന്നുണ്ട്. അതേസമയം എം എൽ എ സ്ഥാനം രാഹുൽ രാജിവയ്ക്കണമെന്ന ആവശ്യം കോൺഗ്രസ് തള്ളി. പാർട്ടിയുടെ തീരുമാനം സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ്. സമിതിയെ നിയോഗിച്ച് ആരോപണങ്ങൾ പരിശോധിക്കും.