മഹാരാഷ്ട്രയിലെ നാസിക്കിൽ കാർ കിണറ്റിൽ വീണ് ആറ് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഒന്പത് പേർ മരിച്ചു. നാസിക്കിൽ നിന്ന് 25 കിലോമീറ്റർ അകലെ ഡിൻഡോരിയിൽ വച്ചായിരുന്നു അപകടം. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം.
സുനിൽ ദത്തു ദർഗുഡെ (32), രേഷ്മ സുനിൽ ദർഗുഡെ (27), ആശ അനിൽ ദർഗുഡെ (32), ഖുഷി അനിൽ ദർഗുഡെ (14), മാധുരി അനിൽ ദർഗുഡെ (13), ശ്രേയസ് അനിൽ ദർഗുഡെ (11), രാഖി സുനിൽ ദർഗുഡെ (11), ശ്രാവണി അനിൽ ദർഗുഡെ (11), സമൃദ്ധി രാജേന്ദ്ര ദർഗുഡെ (ഏഴ്) എന്നിവരാണ് മരിച്ചത്.
സ്വകാര്യ ചടങ്ങിൽ പങ്കെടുത്തശേഷം ശിവാജി നഗർ പ്രദേശത്തുകൂടി പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവർക്ക് ഇരുട്ടിൽ കിണർ കാണാൻ കഴിഞ്ഞില്ല. കാർ മറിഞ്ഞ് യാത്രക്കാരെല്ലാം കിണറ്റിൽ വീഴുകയായിരുന്നു.
വിവരം ലഭിച്ചയുടനെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം രണ്ട് മണിക്കൂറോളമെടുത്ത് 12:15 ഓടെയാണ് കിണറ്റിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.