കേന്ദ്രമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി.കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമി ജെഡിഎസ് രാഷ്ട്രീയകാര്യസമിതിയിൽ. സഖ്യം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന പ്രധാനസമിതിയാണിത്. പാർട്ടി ഉന്നതസമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് മുൻമന്ത്രി ജി.ടി. ദേവഗൗഡയെ മാറ്റി. എച്ച്.ഡി. ദേവഗൗഡയുമായി വളരെ അടുപ്പംപുലർത്തിയിരുന്ന ജി.ടി.ദേവഗൗഡ കഴിഞ്ഞ കുറേക്കാലമായി പാർട്ടിയിൽ സജീവമായിരുന്നില്ല. തുടർന്നാണ് ഉന്നതസമിതി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ചത്. ഇദ്ദേഹത്തിൻ്റെ മകനും എംഎൽഎയുമായ ജി.ടി. ഹരീഷിനെ പ്രചാരണസമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻമന്ത്രിയും കുമാരസ്വാമിയുടെ സഹോദരനുമായ എച്ച്.ഡി.രേവണ്ണ ഉന്നതസമിതിയിൽ തുടരും.
രേവണ്ണയുടെ മകൻ സൂരജ് രേവണ്ണയെ പ്രചാരണസമിതിയിലും ഉൾപ്പെടുത്തി. ലൈംഗികപീഡനക്കേസിൽ സൂരജിന് ക്ലീൻചിറ്റ് ലഭിച്ചതിനെത്തുടർന്നാണ് പാർട്ടിയിൽ പുതിയസ്ഥാനം നൽകിയത്.